teami2i news
Teami2i News
HIGHLIGHTS

BUSINESS

ഡീസലിന് ഗുഡ്‌ബൈ

ഡീസലിന് ഗുഡ്‌ബൈ

പോര്‍ഷെ എന്നു കേട്ടാല്‍ത്തന്നെ ഒരു പോഷ് ഫീല്‍ ആണ്. ജര്‍മ്മന്‍ ഹൈ പെര്‍ഫോമന്‍സ് സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ചങ്കൂറ്റത്തിന് ഒരു കുറവും വരേണ്ട കാര്യമില്ലല്ലോ! അതുകൊണ്ട് കമ്പനി സി.ഇ.ഒ ഒലിവര്‍ ബ്ലൂം ഒരു പ്രഖ്യാപനം നടത്തി: ഞങ്ങള്‍ ഈ ഡീസല്‍ കാറിന്റെ ഏര്‍പ്പാടങ്ങ് ക്‌ളോസ് ചെയ്യാന്‍ പോകുന്നു. അല്ല പിന്നെ!

ഡീസല്‍ എമിഷന്‍ ടെസ്റ്റിന്റെ പേരില്‍ ഫോക്‌സ്‌വാഗണ് ആഗോളവ്യാപകമായി കിട്ടിയ പേരുദോഷം, ഗ്രൂപ്പിന്റെ  സ്‌പോര്‍ട്‌സ് കാര്‍ ഡിവിഷന്‍ ആയ പോര്‍ഷെ ബ്രാന്‍ഡിനെക്കൂടി ബാധിച്ചുതുടങ്ങിയതാണ് പെട്ടെന്നുള്ള തീരുമാനത്തിനു പിന്നില്‍. ഡീസല്‍ മോഡലുകള്‍ നിര്‍ത്തിയിട്ട് എന്തു ചെയ്യാന്‍ പോകുന്നു എന്നു ചോദിച്ചാല്‍, പോര്‍ഷെ ന്യൂജെന്‍ ബാറ്ററി കാറുകളുടെ നിര്‍മ്മിതിയിലേക്കു കടക്കുന്നു. രണ്ടു വര്‍ഷം കൂടി കാത്തിരുന്നാല്‍ മതി- പോര്‍ഷെയുടെ ബാറ്ററി മോഡലായ മിഷന്‍ ഇ സെഡാന്‍ ട്രാക്കിലിറങ്ങും. ക്ഷമിക്കണം, ഇവന്റെ ഡീസല്‍ വേര്‍ഷന്‍ ചോദിക്കരുത്. ഇത് ബാറ്ററി ഒണ്‍ലിയാണ്.

ഡീസല്‍ കാറുകള്‍ നിര്‍മ്മിച്ചിരുന്ന സ്റ്റട്ഗര്‍ട്ട് പ്ലാന്റില്‍ നിന്ന് ബാറ്ററി കാറുകള്‍ നിര്‍മ്മിക്കാന്‍ 1.16 ദശലക്ഷം ഡോളറാണ് പോര്‍ഷെ പുളിങ്കുരു പോലെ ഇറക്കിയത്. കമ്പനി സി.ഇ.ഒ ഇങ്ങനെയൊരു സ്വകാര്യ പ്രഖ്യാപനം നടത്തിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇനി വരാനിരിക്കുന്നതേയുള്ളൂ. എന്തായാലും അടുത്ത 15 വര്‍ഷത്തിനകം  പോര്‍ഷെ പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറുകളിലും, ബാറ്ററിയില്‍ മാത്രം പായുന്ന കാറുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന്  ബ്ലൂം പറയുന്നു.

പോളോയ്ക്ക് വില 6 ലക്ഷം കട്ട്!

ഫോക്‌സ്‌വാഗണ്‍ പോളോ ജി.ടി.ഐ. ങ്ഹൂം... എന്താ ലുക്ക്! എന്താ പവര്‍! ആരു കണ്ടാലും കൊണ്ടുപോയി പോര്‍ച്ചിലിടാന്‍ കൊതിക്കും. വില കേള്‍ക്കുമ്പോഴാണ് ആകെയൊരു വിഷമം. ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 25.99 ലക്ഷം രൂപ. കിട്ടാത്ത പോളോ പുളിക്കും എന്ന് ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ ഒരു ചൊല്ലു പോലും ഉണ്ടുപോലും!

എങ്കില്‍ ഇതാ ഒരു കിടു വാര്‍ത്ത: പോളോ വില കുറച്ചു. ചുമ്മാ റിഡക്ഷന്‍ സെയിലിന്റെ പേരില്‍ ആയിരമോ അമ്പതിനായിരമോ ഒന്നുമല്ല, ആറു ലക്ഷം രൂപയാണ് കമ്പനി ഒറ്റയടിക്ക് കുറച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ പോളോയുടെ പുതിയ വില 19.99 ലക്ഷം മാത്രം. എന്നാലും ഉയര്‍ന്ന ഇടത്തരക്കാരനു പോലും ഈ വില ഇമ്മിണി കട്ടിയാണെന്നു തോന്നാം. അത് പോളോയെ ശരിക്കും അറിയാഞ്ഞിട്ടാണ്. ഞരമ്പില്‍ ഉശിരുള്ള വാഹനപ്രേമികള്‍ക്ക് ഇതൊരു ഇടിവെട്ട് ഓഫര്‍ തന്നെ.

Subscribe