teami2i news
Teami2i News
HIGHLIGHTS

BUSINESS

രണ്ടായിരത്തിന്റെ നോട്ടിന് കട്ട് വരുമോ?

രണ്ടായിരത്തിന്റെ നോട്ടിന് കട്ട് വരുമോ?

കഴിഞ്ഞ നവംബറിലെ കറന്‍സി നിരോധനത്തിന്റെ ഞെട്ടല്‍ ഇതുവരെ മാറിയില്ല. നിന്ന നില്പിലാണ് അഞ്ഞൂറും ആയിരവും വെറും തുണ്ടുകടലാസ് ആയി മാറിയത്. റിസര്‍വ് ബാങ്ക് പറഞ്ഞ തീയതിക്കു മുമ്പ് നോട്ട് മാറ്റിയെടുക്കാന്‍ ക്യൂ നിന്ന് കാലപുരി പൂകിയവര്‍ വരെ ഇന്ത്യന്‍ സാമ്പത്തിക ചരിത്രത്തിലെ ധീരരക്തസാക്ഷികളായി. അരിഷ്ടിച്ചു ചെലവാക്കാന്‍ മാത്രമല്ല, മുണ്ട് മുറുക്കിയുടുക്കാനും, കയ്യിലുള്ള ചില്ലറ കൊണ്ട് കാര്യങ്ങള്‍ നടത്താനും ഇന്ത്യക്കാരെ പഠിപ്പിച്ചത് മോദിജി ആല്ലേ!

എങ്കില്‍, അടുത്ത ഞെട്ടലിന് ചെറുതായി ഒന്നു തയ്യാറെടുക്കുന്നത് നല്ലതാണ്. കാരണം, ആയിരത്തിനു പകരം മോദി കളത്തിലിറക്കിയ രണ്ടായിരത്തിന്റെ നോട്ട് അല്പായുസ്സാണെന്നും, എപ്പോള്‍ വേണമെങ്കിലും ഒരു പിന്‍വലിക്കല്‍ പ്രഖ്യാപനം വന്നേക്കുമെന്നും അശരീരികള്‍ പരക്കുന്നുണ്ട്. വാര്‍ത്തകള്‍ ഇങ്ങനെ പ്രചിക്കുന്നതിനിടയില്‍ സാക്ഷാല്‍ അരുണ്‍ ജെയ്റ്റ്ലി തന്നെ ഒരു പ്രഖ്യാപനവും നടത്തി: തത്കാലം 2000 പിന്‍വലിക്കുന്നില്ല!

മോദിയും ജെയ്റ്റ്ലിയും പറയുന്നത് അപ്പടി വിശ്വസിക്കാന്‍ മാത്രം മണ്ടന്മാരല്ലല്ലോ ജനം. രണ്ടായിരത്തിന്റെ നോട്ട് നിരോധിക്കില്ലെന്നു കരുതി, കയ്യിലുള്ള കള്ളപ്പണം മൊത്തം രണ്ടായിരത്തിന്റെ കറന്‍സിയാക്കി അടുക്കിയടുക്കി വച്ച് മെത്തയാക്കുന്ന ബ്ലാക് മണിക്കാരെ പറ്റിക്കാന്‍ ഈ സാമ്പത്തിക വിദഗ്ദ്ധന്മാര്‍ ഇതിനപ്പുറവും പറയും. എന്നിട്ട്, പെട്ടെന്നൊരു പാതിരാത്രിയില്‍ വിഡ്ഢിപ്പെട്ടിയില്‍ പ്രത്യക്ഷനായി മോദിജി പറയും: പറ്റിച്ചേ! പിന്നെ രണ്ടായിരത്തിന്റെ നോട്ടും തുണ്ടുപരുവം.

അഞ്ഞൂറു ആയിരവും നിരോധിച്ചു കഴിഞ്ഞ്, പകരം കറന്‍സി അച്ചടിക്കുന്ന കമ്മട്ടങ്ങള്‍ വഴി രാപകലില്ലാതെ രണ്ടായിരത്തിന്റെ നോട്ട് അച്ചടിച്ചുകൂട്ടിയപ്പോഴാണ് മോദിജിക്ക് ഒരു കാര്യം പിടികിട്ടിയത്. കള്ളപ്പണക്കാര്‍ക്ക് കരിമ്പണം ഒളിപ്പിക്കാന്‍ ആയിരത്തേക്കാള്‍ സൗകര്യം രണ്ടായിരമാണ്! ഇതുവരെ അച്ചടിച്ച രണ്ടായിരം രൂപാ നോട്ടുകള്‍ എത്രയെന്നു കൂടി കേള്‍ക്കുക: 3.2 ലക്ഷം കോടി. ഇക്കണ്ട നോട്ടെല്ലാം കൂടി നിരോധിച്ചാലുള്ള അവസ്ഥ ചിന്തിക്കാന്‍ കൂടി വയ്യ.

2000-ത്തിന്റെ നോട്ട് നിരോധിക്കുന്നതിനു മുന്നോടിയായി അതിന്റെ അച്ചടി മാസങ്ങള്‍ക്കു മുമ്പേ നിര്‍ത്തിവച്ചതായാണ് ശ്രുതി. പകരം, 200-ന്റെ നോട്ടുകള്‍ വൈകാതെ പുറത്തിറക്കുമെന്നും കേള്‍ക്കുന്നുണ്ട്. അതു കൊള്ളാം. 2000 പോയാലും 200 വരുമല്ലോ- ആകെ ഒരു പൂജ്യത്തിന്റെ വ്യത്യാസമല്ലേയുള്ളൂ. 200- ല്‍ നിറുത്തുന്നത് എന്തിനാണാവോ? പിന്നെ അതു നിരോധിച്ച് 300 ഇറക്കാം. അടുത്ത ഊഴം 400-ന്റെ കറന്‍സിക്കു നല്‍കാം. നമുക്കാണെങ്കില്‍ എപ്പോഴും പുതിയ പുതിയ കറന്‍സികള്‍ കിട്ടിക്കൊണ്ടേയിരിക്കുകയും ചെയ്യും. രാജ്യത്ത് സാമ്പത്തിക പരിഷ്‌കരണം നടക്കുന്നില്ലെന്ന് ആരു പറഞ്ഞു!

കൂട്ടത്തില്‍ വേറൊരു കഥയും ഇറങ്ങുന്നുണ്ട്. ആയിരത്തിന്റെ നാണയം ഇറങ്ങുന്നു പോലും! അതെന്തിനാണാവോ? കാര്യം എന്തൊക്കെ പറഞ്ഞാലും ആയിരത്തിന്റെ തുട്ടെന്നു കേള്‍ക്കുമ്പോള്‍ ഒരു സുഖമുണ്ട്. കയ്യില്‍ കാലണ എടുക്കാനില്ലെന്നു പറയുന്നതു പോലെ, ആയിരത്തിന്റെ തുട്ടു പോലും കീശയില്‍ ഇല്ലെന്നു പറയാമല്ലോ.

ഇതൊക്കെ ആര്‍ക്കാണു സാര്‍, വലിയ വാര്‍ത്തയാകുന്നത്? കയ്യില്‍ പുത്തനുള്ളവര്‍ക്ക്! ഉള്ള സമ്പാദ്യം അഞ്ഞൂറാക്കി സൂക്ഷിക്കണോ, രണ്ടായിരമാക്കി കെട്ടിവയ്ക്കണോ എന്നൊക്കെയുള്ള സന്ദേഹം അവര്‍ക്കല്ലേയുള്ളൂ. കാല്‍ക്കാശിന് ഗതിയില്ലാത്ത ജനകോടികള്‍ക്ക് രണ്ടായിരം നിരോധിച്ചാലെന്ത്, ആയിരത്തിന് തുട്ടു വന്നാലെന്ത്?

Subscribe