teami2i news
Teami2i News
HIGHLIGHTS

HEALTH

പൈല്‍സിന് ബോംബ് വയ്ക്കുന്ന ലേസര്‍ ലാടവിദഗ്ദ്ധര്‍

പൈല്‍സിന് ബോംബ് വയ്ക്കുന്ന  ലേസര്‍ ലാടവിദഗ്ദ്ധര്‍

അര്‍ശസ്സിന് ശസ്ത്രക്രിയ കൂടാതെ പരിഹാരമെന്ന വാഗ്ദാനവുമായി സംസ്ഥാനത്ത് ലേസര്‍ചികിത്സയുടെ പേരില്‍ വ്യാപക തട്ടിപ്പെന്ന് റിപ്പോര്‍ട്ട്

ഇരിക്കുന്നിടത്ത് ബോംബ് വയ്ക്കുക എന്നത് ഒരു ന്യൂജനറേഷന്‍ ഭാഷാപ്രയോഗമല്ല, അര്‍ശസ്സ് രോഗികള്‍ക്ക് ലേസര്‍ വിദഗ്ദ്ധന്മാരുടെ വേഷമിട്ട തട്ടിപ്പുവീരന്മാര്‍ വിധിക്കുന്ന കടുത്ത ചികിത്സാ പ്രയോഗമാണ്! ആക്ഷേപം അല്പം കടുത്തുപോയെന്നാണ് പരാതിയെങ്കില്‍ ആദ്യം ഇതിനൊപ്പമുള്ള ചിത്രത്തിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കുക. അമിട്ടു പൊട്ടിയതു പോലെ കാണുന്നത് അര്‍ശസ്സിന് ലേസര്‍ ചികിത്സ കഴിഞ്ഞ ഒരു ഹതഭാഗ്യന്റെ രോഗബാധിത ഭാഗത്തിന്റെ അനന്തരയോഗമാണ്. ക്ഷണിക്കണം, ചികിത്സയ്ക്കു മുമ്പ് എന്ന് അടിക്കുറിപ്പെഴുതാന്‍ പാകത്തിന് നേരത്തേയെടുത്ത ചിത്രം ലഭ്യമല്ല.

പൈല്‍സ്, ഫിസ്റ്റുല, ഫിഷര്‍ രോഗികളെ നോട്ടമിട്ട് ആധുനിക ലേസര്‍ ചികിത്സയെന്ന പേരില്‍ പ്രചരിപ്പിക്കുന്ന സൂപ്പര്‍ ഡ്യൂപ്പര്‍ തട്ടിപ്പിന്റെ നേര്‍ച്ചിത്രമാണ് ഇത്. ശസ്ത്രക്രിയ കൂടാതെ പൈല്‍സ് ഭേദമാക്കാം എന്ന തലക്കെട്ടില്‍ സകലമാന പത്രങ്ങളിലും പരസ്യം നല്‍കുന്നതും, പോസ്റ്ററടിച്ച് നാട്ടിലെ ഇലക്ട്രിക് പോസ്റ്റുകളിലെല്ലാം പതിക്കുന്നതും ഈ സൂപ്പര്‍ ലേസര്‍ വീരന്മാരാണ്. മരുന്നോ ശസ്ത്രക്രിയയോ ഇല്ലാതെ, ലേസര്‍ ചികിത്സ വഴി പൈല്‍സ് കരിച്ചു ഭേദമാക്കാം എന്നാണ് വാഗ്ദാനം. പക്ഷേ, കരിയുന്നത് ഇതുപോലെ കംപ്ലീറ്റ് ആയിട്ടാണെങ്കിലോ?

കാശും പോയി,
കരിഞ്ഞും പോയി...

കയ്യിലിരുന്ന കാശും പോയി, മൂലഭാഗം കരിഞ്ഞും പോയി എന്ന അവസ്ഥയില്‍ മാനഹാനി കൂടി വഹിക്കാന്‍ ആരും തയ്യാറാകില്ല എന്നതുകൊണ്ട് ലേസര്‍ തട്ടിപ്പുകാര്‍ക്ക് സുഖം, സ്വസ്തി! ദശലക്ഷങ്ങളുടെ പരസ്യംകൊണ്ട് പത്രങ്ങളുടെ വായ് മൂടിക്കെട്ടിയിരിക്കുന്നതുകൊണ്ട് അതും പേടിക്കാനില്ല. ഫലമോ? പരസ്യങ്ങളും ബോംബ് പ്രയോഗവും അഭംഗുരം തുടരുന്നു! പൈല്‍സിനു ലേസര്‍ ചികിത്സയെന്ന പരസ്യം കണ്ട് ചികിത്സ സ്വീകരിച്ച് അക്കിടി പറ്റുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് ഒരു പഠനം നടത്തുകയാണ് സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി ഡോക്ടര്‍മാര്‍.

പഠനത്തിന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ മിക്കവരുടെയും അനുഭവം സമാനം. ഒരു ടിപ്പിക്കല്‍ ഇരയുടെ കഥ വായിക്കുക. ആള്‍ മലപ്പുറത്തുകാരന്‍. പേര് മുഹമ്മദ് ഹനീഫ. കൊള്ളാവുന്ന ഒരു ജോലിയുള്ളത് ദുഫായിലാണ്. സ്ഥലം ദുബായ് അല്ലേ- നല്ല ഒന്നാന്തരം കൊഴുപ്പുള്ള ഭക്ഷണം. ഹനീഫയാണെങ്കില്‍ ഭക്ഷണക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത തീറ്റക്കാരനും. രണ്ടു വര്‍ഷത്തെ വിദേശവാസം കഴിഞ്ഞു നാട്ടിലെത്തിയ ഹനീഫയെ കണ്ട് ഒരു ദോസ്ത് പറഞ്ഞത് ഇങ്ങനെ: ഇറച്ചിക്കാരന്‍ അയമുട്ടി കാണണ്ട പഹയാ, നിന്നെ പിടിച്ച് അറക്കാന്‍ കൊണ്ടുപോയിക്കളയും! അജ്ജാതി കൊഴുപ്പ്!

ഇങ്ങനെ കൊഴുപ്പു
തിന്നല്ലേ പഹയാ!

ദോഷം പറയരുതല്ലോ... ശരീരം കൊഴുത്ത് മുറ്റിയെങ്കിലും ഹനീഫയ്ക്ക് ഫ്രീ ആയി മറ്റൊരു സംഭവം കിട്ടി- പൈല്‍സ്. സാക്ഷാല്‍ അര്‍ശസ്സ്. ഡോക്ടറെ കാണാന്‍ മടിച്ച് അസഹ്യമായ വേദന കടിച്ചുപിടിച്ചു നടക്കുന്ന സമയത്താണ് ആ പരസ്യം പത്രത്തില്‍ കണ്ടത്- പൈല്‍സിന് ലേസര്‍ ചികിത്സ! മരുന്നു വേണ്ട, ശസ്ത്രക്രിയ വേണ്ട, വേദനയെക്കുറിച്ച് പേടിയേ വേണ്ട. രോഗത്തെ കരിച്ചുകളയും. ഇനിയൊരു സത്യം പറയാം- ആ മുഹമ്മദ് ഹനീഫയുടെ ശരീരഭാഗത്തിന്റെ സ്ഫോടനാത്മകമായ ഇമേജ് ആണ് നേരത്തേ കണ്ടത്. ഈ രഹസ്യം പുറത്തുവന്നതാകട്ടെ, ഒടുവില്‍ നിവൃത്തികെട്ട് മുഹമ്മദ് ഹനീഫ ഒരു വിദഗ്ദ്ധ ഗ്യാസ്ട്രോ എന്ററോളജിസ്റ്റിനെ കണ്ടപ്പോഴും!

പൈല്‍സിന് സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സ എന്നാണ് ഈ ലേസര്‍ ലാടവൈദ്യന്മാരുടെ അവകാശവാദം. മൂലക്കുരുവിന്റെ അസ്‌കിത കൊണ്ട് സഹികെട്ട പാവം രോഗികളുണ്ടോ അറിയുന്നു, ജനറല്‍ സര്‍ജറിയുടെ ഭാഗം മാത്രമാണ് പൈല്‍സ് ശസ്ത്രക്രിയ എന്നും, അല്ലാതെ അതൊരു സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാശാഖയല്ലെന്നും! സൂപ്പര്‍ എന്നും സ്പെഷ്യാലിറ്റി എന്നും കേള്‍ക്കുമ്പോഴേ ലേസര്‍ വൈദ്യന്മാര്‍ക്കു മുന്നില്‍ മൂലം കാഴ്ചവയ്ക്കുന്ന സാധാരണക്കാരായ രോഗികളോട് ഹാ, കഷ്ടം... എന്നല്ലാതെ എന്തു പറയാന്‍!

അവര്‍ ചെയ്യുന്നത്
ആരും അറിയുന്നില്ല

അവര്‍ ചെയ്യുന്നത് എന്തെന്ന് നിങ്ങള്‍ അറിയുന്നില്ല! അതാണ് പച്ചപ്പരമാര്‍ത്ഥം. പൈല്‍സ്, ഫിസ്റ്റുല, ഫിഷര്‍ എന്നൊക്കെ പറയുന്നത് മൂന്നും ഒരേ രോഗമല്ല. ആധുനികചികിത്സയില്‍ ഇതിനു മൂന്നിനും വെവ്വേറെ ചികിത്സയാണ്. ആദ്യത്തെ രണ്ടു ഘട്ടങ്ങളില്‍ പൈല്‍സിന് മരുന്നു ചികിത്സയാണ് വിദഗ്ദ്ധ ഡോക്ടര്‍ വിധിക്കുക. അടുത്ത ഘട്ടത്തില്‍ ബാന്‍ഡിംഗ് എന്ന സാങ്കേതിക വിദ്യയും, അവസാന ഘട്ടത്തില്‍ ഓപ്പണ്‍ ശസ്ത്രക്രിയയോ, സ്റ്റേപ്ലര്‍ ചികിത്സയോ. പക്ഷേ, ചുട്ടുപഴുപ്പിച്ച ലേസര്‍ വിദ്യയുമായി തട്ടിപ്പിന് ഇരിക്കുന്ന ആധുനിക ലേസര്‍ ലാടവൈദ്യന്മാര്‍ക്ക് എല്ലാ പ്രശ്നത്തിനും ഒരൊറ്റ ഒറ്റമൂലിയേയുള്ളൂ: കരിക്കല്‍!

ഇങ്ങനെ കടുത്ത ചൂട് ഉപയോഗിച്ചു നടത്തുന്ന ലേസര്‍ കരിക്കലിനു വിധേയമാകുന്ന മൂലഭാഗത്തിന്റെ അനന്തരഗതി ഊഹിക്കാവുന്നതല്ലേയുള്ളൂ. ഒന്നുകില്‍ ഇതുപോലെ പൊള്ളി പഴുക്കും. അല്ലെങ്കില്‍ ആ ഭാഗം കരിഞ്ഞ് മലദ്വാരം തന്നെ ക്ളോസ് ആയിപ്പോകും. ഇത്തരം അവസ്ഥയില്‍ കൊളോസ്റ്റമി മാത്രമാകും പരിഹാരം. അടഞ്ഞുപോയ മലദ്വാരത്തിനു പകരമായി, വയറിന്റെ ഒരു വശത്ത് ശസ്ത്രക്രിയയിലൂടെ ഒരു ദ്വാരമുണ്ടാക്കി, അതിനെ ഒരു സമാന്തര മലദ്വാരമായി രൂപപ്പെടുത്തുക എന്നതാണ്. അതുവഴി പുറത്തുവരുന്ന മലം ഒരു പ്ലാസ്റ്റിക് ബാഗില്‍ ചുമക്കണം- ജീവിതകാലം മുഴുവന്‍ ഇതുതന്നെ ഗതി. ഇങ്ങനെ മലം നിറഞ്ഞ പ്ലാസ്റ്റിക് ബാഗുമായി ലേസര്‍ വൈദ്യനെയും സ്വന്തം ജീവിതവിധിയേയും പഴിച്ചു കഴിയുന്ന ആയിരക്കണക്കിനു പേര്‍ സംസ്ഥാനത്തുണ്ട്. ആരോടു പറയാന്‍?

ലേസര്‍ കൊണ്ട് കരിക്കല്‍,
പരസ്യംകൊണ്ട് വായടയ്ക്കല്‍

ഇതൊന്നും ചോദിക്കാനും പറയാനും ഈ നാട്ടില്‍ ആരുമില്ലേ എന്നാണെങ്കില്‍ അതിനാണ് പരസ്യവിദ്യ. സകല വര്‍ത്തമാനപ്പത്രങ്ങള്‍ക്കും ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കും വാരിക്കോരി പരസ്യം കൊടുക്കും. പിന്നെ ആരെങ്കിലും ലേസറിന് എതിരെ ക-മാ മിണ്ടുമോ? മൂലം കരിച്ചാല്‍ ഇതിനുംമാത്രമൊക്കെ കാശു കിട്ടുമോ എന്നായിരിക്കും ചോദിക്കാന്‍ വരുന്നത്. ചില്ലറയല്ല, ഈ ലേസര്‍വിദ്യയ്ക്ക് ചെലവ്. ഒരു രോഗിയെ കയ്യില്‍ കിട്ടിയാല്‍ മതി, പൈല്‍സ് കരിച്ചുകൊടുക്കുന്നതിന് 60,000 മുതല്‍ 80,000 രൂപ വരെയാണ് ചാര്‍ജ്! ലാഭനഷ്ടം നോക്കിയിട്ട് കാര്യമുണ്ടോ? അര്‍ശസ്സിന്റെ ദുരിതം പേറുന്നവര്‍ അതും അതിനപ്പുറവും കൊടുത്തുപോകും.

ആധുനിക വൈദ്യശാസ്ത്രത്തിന്റെയും സൂപ്പര്‍ സ്പെഷ്യാലിറ്റിയുടെയും മറ്റും പേരില്‍ അരങ്ങേറുന്ന ഈ ലേസര്‍ ചികിത്സയ്ക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് മനസ്സിലാക്കുക. ക്യാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റേഡിയേഷന്‍ തെറാപ്പിയില്‍ അപകടകാരികളായ അര്‍ബുദകോശങ്ങളെ മാത്രമാണ് കരിച്ചുകളയുന്നതെങ്കില്‍, അര്‍ശസ്സിന് വിധിക്കുന്ന ലേസര്‍ ചികിത്സയില്‍ മലദ്വാരഭാഗം മൊത്തത്തില്‍ കടുത്ത താപത്തിന് വിധേയമാക്കുകയാണ് ചെയ്യുക. മാംസമല്ലേ, കരിഞ്ഞുപോകും. പല മുറിവൈദ്യന്മാരും കെട്ടിടുന്ന വിദ്യയാണ് പരീക്ഷിക്കുന്നത്. കെട്ടിടുന്നത് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ വേറെ.

ഇനി ആ ചിത്രത്തിലേക്ക് പതുക്കെ ഒന്നുകൂടി നോക്കിക്കോളൂ. പൈല്‍സിന് ശസ്ത്രക്രിയ കൂടാതെ ലേസര്‍ ചികിത്സ എന്ന പരസ്യമോ പോസ്റ്ററോ കാണുമ്പോള്‍ ഈ ചിത്രം ഓര്‍മ്മവരണം!

 

Subscribe