teami2i news
Teami2i News
HIGHLIGHTS

HEALTH

പനി കൊണ്ടുപോയത് 400 ജീവന്‍, എന്നിട്ടും ആരും മിണ്ടാത്തതെന്ത്?

പനി കൊണ്ടുപോയത് 400 ജീവന്‍, എന്നിട്ടും ആരും മിണ്ടാത്തതെന്ത്?

രാജ്യത്തെ ഏറ്റവും ആധുനികമായ മെട്രോ സര്‍വീസ് നടത്തുന്ന സംസ്ഥാനം. രാജ്യത്ത്, പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനം. ഏറ്റവും അധികം ബിരുദധാരികളും തൊഴിലന്വേഷകരുമുള്ള സംസ്ഥാനം. രാജ്യത്തെ ആദ്യ സോഫ്ട്വെയര്‍ ടെക്നോളജി പാര്‍ക്കിന്റെ ആസ്ഥാനം.... പിന്നെ, ഇന്ത്യയില്‍ ഈ സീസണില്‍ കൊതുകുജന്യ രോഗങ്ങള്‍ മൂലം ഏറ്റവും അധികം പേര്‍ മരണമടഞ്ഞ സംസ്ഥാനവും!

പല വിഷയങ്ങളിലും കാലത്തിനു മുമ്പേ കുതിക്കാനും പറക്കാനുമൊക്കെ പഠിച്ചിട്ടും കൊതുകിനു മുന്നില്‍ നമ്മള്‍ നിസ്സഹായരായിപ്പോകാനെന്ത്? ഡെങ്കിപ്പനി, പകര്‍ച്ചപ്പനി, എച്ച്1 എന്‍ 1 പനി... ഇങ്ങനെ പനികള്‍ കൂട്ടത്തോടെ കടന്നുവന്ന് ആക്രമിച്ച് ഏഴു മാസത്തിനകം 414 മനുഷ്യരെ കൊന്നൊടുക്കിയിട്ടും നമ്മള്‍ ഒരു ചുളയുമില്ലാത്ത രാഷ്ട്രീയ വിവാദങ്ങളില്‍ അഭിരമിക്കുന്നതെന്ത്? നമ്മുടെ ടെലിവിഷന്‍ ചാനലുകള്‍ ഓരോ രാത്രിയിലും ചര്‍ച്ചയ്ക്കു വിഷയങ്ങള്‍ തിരഞ്ഞ് കഷ്ടപ്പെടുന്നതെന്ത്? പനി ബാധിച്ചുള്ള കൂട്ടമരണങ്ങള്‍ പീഡനവര്‍ത്തമാനങ്ങളില്‍ മുങ്ങിപ്പോകാനെന്ത്?

ഡെങ്കി ഉള്‍പ്പെടെ വിവിധയിനം പകര്‍ച്ചപ്പനികള്‍ ബാധിച്ചാണ് കഴിഞ്ഞ ഏഴു മാസത്തിനിടെ സംസ്ഥാനത്ത് 414 പേര്‍ മരിച്ചത്. ഈ സീസണില്‍ ഏറ്റവും മാരകമായ രൂപം കൈവരിച്ച് മരണം വിതച്ച ഡെങ്കിപ്പനി ബാധിച്ചു മാത്രം ജീവന്‍ പൊലിഞ്ഞത് 201 പേര്‍ക്ക്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്താകെ ഡെങ്കിപ്പനി മൂലം മരണസംഖ്യ 21 മാത്രമായിരുന്നു എന്നറിയുമ്പോഴാണ് ഇത്തവണ അതു കൈവരിച്ച വ്യാപ്തിയുടെ ഭീകരരൂപം പിടികിട്ടുക. പകര്‍ച്ചപ്പനി കാരണം 71 പേരും, എച്ച്1 എന്‍1 ബാധിച്ച് 78 പേരും മരിച്ചു. എലിപ്പനി കാരണം മരണമടഞ്ഞത് 62 പേര്‍.

ഈ വര്‍ഷം റെക്കാര്‍ഡ് മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനം തെറ്റിപ്പോയെങ്കിലും, മഴക്കാലത്ത് വ്യാപകമാകുന്ന കൊതുകുജന്യ രോഗങ്ങള്‍ക്ക് ഒരു കുറവും വന്നില്ല. ഡെങ്കിപ്പനിക്ക് എതിരെ സര്‍ക്കാര്‍ തലത്തില്‍ എന്തൊരു പടപ്പുറപ്പാടായിരുന്നു! കൊതുകിനെ തുരത്താന്‍ സര്‍വകക്ഷിയോഗം വരെ സംഘടിപ്പിച്ചു. പ്രശ്നപരിഹാരത്തിനുള്ള പുതിയ ഫാഷന്‍ ആണ് സര്‍വകക്ഷിയോഗം. ഇത്ര സിംപിള്‍ ആയിരുന്നു കാര്യങ്ങളെങ്കില്‍ എല്ലാം എത്ര എളുപ്പമായേനെ. പിറ്റേന്ന് പത്രങ്ങളില്‍ ഒന്നാംപേജ് വാര്‍ത്തയും വന്നു: പനി പ്രതിരോധത്തില്‍ രാഷ്ട്രീയം വേണ്ട!

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സമഗ്ര കൊതുകു നിര്‍മ്മാര്‍ജ്ജന യജ്ഞം. ഓരോ വാര്‍ഡിലും പ്രത്യേക സംഘങ്ങള്‍. നിശ്ചിത തീയതികളില്‍ വ്യാപകമായ ബോധവത്കരണം. മുഴുവന്‍ ആശുപത്രികളിലും പനിവാര്‍ഡ്. എല്ലാ രോഗികള്‍ക്കും കൊതുകുവല, ഓടകളും തോടുകളും വൃത്തിയാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി, ഡ്രൈഡേ ആചരണം... ആഹഹ! സര്‍ക്കാര്‍ തലത്തില്‍ ഇതൊക്കെ ധാരാളമല്ലേ? പക്ഷേ, ഈ രാഷ്ട്രീയ ചപ്പടാച്ചിയൊന്നും കൊതുകുകളോട് പയറ്റാന്‍ പോരാ.
ഇതൊക്കെ എല്ലാ മഴക്കാലത്തെയും ചിട്ട തെറ്റാത്ത അനുഷ്ഠാനങ്ങള്‍ തന്നെ. മഴക്കാലപൂര്‍വ ശുചീകരണം എന്ന പേരില്‍ കോടികള്‍ ചെലവഴിക്കും. അതിന്റെ പത്തിലൊന്നു പോലും യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടില്ല. നിര്‍മ്മാണപദ്ധതിയൊന്നും അല്ലാത്തതുകൊണ്ട് ഫണ്ട് ചെലവഴിച്ചതിനു തെളിവ് ചൂണ്ടിക്കാണിക്കാനുമില്ല. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ചെലവിടും, ചെറുതല്ലാത്ത കോടികള്‍. മാലിന്യം എങ്ങും പോയില്ലെങ്കിലും, ഈ കോടികള്‍ പലവഴിക്കു പോകും. മഴയില്‍ മാലിന്യം ചീഞ്ഞളിയും. വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ മുട്ടയിട്ടു പെരുകും. ഡെങ്കിയും പകര്‍ച്ചപ്പനിയും ജനത്തിന്റെ ജീവനെടുക്കും. ഈ പതിവില്‍ ഒരു മാറ്റവും ഇന്നോളം വന്നുകണ്ടിട്ടില്ല.

ഇപ്പോള്‍ മഴ കുറഞ്ഞു. എന്നിട്ടും പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ ഒരു കുറവുമില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ദിവസവും 22,000-ത്തില്‍ അധികം പേര്‍ പനിക്ക് ചികിത്സ തേടിയെത്തുന്നു. എന്നിട്ട് പത്രങ്ങളില്‍ പഴയതു പോലെ പനിപ്പെരുപ്പം കാണുന്നില്ലല്ലോ എന്നായിരിക്കും! അതിനിപ്പോള്‍ പഴയ ന്യൂസ് വാല്യൂ ഇല്ല! വിലയില്ലാതെ ആയിപ്പോയത് പകര്‍ച്ചപ്പനികള്‍ക്കല്ല, എന്റെയും നിങ്ങളുടെയും ജീവന്.

Subscribe