teami2i news
Teami2i News
HIGHLIGHTS

HEALTH

സച്ചിന്റെ അവയവങ്ങള്‍ ഇനി മറ്റുള്ളവര്‍ക്ക് ജീവനും കാഴ്ചയുമാകും

സച്ചിന്റെ അവയവങ്ങള്‍ ഇനി മറ്റുള്ളവര്‍ക്ക്  ജീവനും കാഴ്ചയുമാകും

കൊച്ചി: സച്ചിന്‍ കൃഷ്ണന്റെ ഓര്‍മകള്‍ വീട്ടുകാരുടെ കണ്ണുകളില്‍ നോവിന്റെ ഈറന്‍ പടര്‍ത്തുമ്പോള്‍, അവയവ ദാനത്തിലൂടെ സച്ചിന്റെ കണ്ണും കരളും കൈകളും കാരുണ്യമായി കിട്ടിയവരുടെ മിഴികളില്‍ നിറയുന്നത് കൃതജ്ഞതയുടെ നിലാവെളിച്ചം.

ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കാക്കനാട് സണ്‍റൈസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച സച്ചിന്‍ കൃഷ്ണന്റെ (20) ജീവനു വേണ്ടി അച്ഛനമ്മമാരും ജ്യേഷ്ഠനും ഉറ്റവരും പ്രാര്‍ത്ഥനയോടെ കാത്തത് എട്ടു ദിവസങ്ങളാണ്. പക്ഷേ, പ്രതീക്ഷകള്‍ കെടുത്തി സച്ചിന്‍ കൃഷ്ണന്‍ മരിക്കാത്ത ഓര്‍മ്മയായി. ഇന്നു (ആഗസ്റ്റ് 9, ബുധന്‍) രാവിലെ അഞ്ചരയോടെയാണ് സണ്‍റൈസിലെ ഡോക്ടര്‍മാര്‍ സച്ചിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.

മരണം കടന്നും സച്ചിന് അവന്റെ കണ്ണുകളിലൂടെയും കരളിലൂടെയും വൃക്കകളിലൂടെയും കൈകളിലൂടെയും മറ്റുള്ളവരില്‍ ജീവിക്കാനാകുമെന്ന് ആ അച്ഛനമ്മമാരോടു പറഞ്ഞത് സണ്‍റൈസിലെ ഡോക്ടര്‍മാരാണ്. അവയവദാനത്തിന്റെ മഹത്വത്തിനൊപ്പം, സച്ചിന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് കാഴ്ചയും ജീവനുമാകുമെന്നു തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ അവയവദാനത്തിനു സമ്മതിച്ചു.

സണ്‍റൈസ് റീനല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സച്ചിന്റെ ശരീരത്തില്‍ നിന്ന് കഡാവര്‍ ശസ്ത്രക്രിയിലൂടെ നീക്കംചെയ്ത രണ്ടു വൃക്കകളിലൊന്ന് സണ്‍റൈസില്‍ തന്നെ ചികിത്സയില്‍ കഴിയുന്ന അമ്പതുകാരനായ മനോജ് കുമാറിന് വച്ചുപിടിപ്പിക്കുമെന്ന് സണ്‍റൈസ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. ഹാഫിസ് റഹ്മാന്‍ പറഞ്ഞു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കാണ് സച്ചിന്റെ മറ്റൊരു വൃക്ക തുണയാവുക.

സച്ചിന്റെ രണ്ടു കൈകള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള, ഇരു കൈകളും നഷ്ടമായ പെണ്‍കുട്ടിക്കും, കരള്‍ ലേക്ഷോര്‍ ആശുപത്രിയിലെ രോഗിക്കും അവരുടെ ജീവിതപ്രതീക്ഷകള്‍ തിരികെ നല്‍കുമ്പോള്‍, കണ്ണുകള്‍ (കോര്‍ണിയ) നേത്രബാങ്ക് വഴി മറ്റൊരാള്‍ക്ക് വെളിച്ചം പകരുമെന്ന് സണ്‍റൈസ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കെ.ആര്‍. പ്രതാപ്കുമാര്‍ പറഞ്ഞു.

കൂത്താട്ടുകുളത്ത്, \'തത്വമസി\'യില്‍ കെ.എസ്. രാധാകൃഷ്ണന്‍ നായരുടെയും ബേബി ഗിരിജയുടെയും മകനായ സച്ചിന്‍ കൃഷ്ണന് ഇക്കഴിഞ്ഞ ഒന്നിന് വെളുപ്പിനാണ് ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കാക്കനാട് ബിഎല്‍എഫ് അപ്പാര്‍ട്ട്മെന്റ്സിനു മുന്നിലായിരുന്നു അപകടം. ഇടറോഡിലൂടെ വരികയായിരുന്ന സച്ചിന്‍ കൃഷ്ണന്റെ ബൈക്കില്‍ മെയിന്‍ റോഡിലൂടെ വരികയായിരുന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സച്ചിന്‍ കൃഷ്ണനെ അപ്പോള്‍ത്തന്നെ സണ്‍റൈസ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രാജഗിരി കോളജില്‍ അവസാനവര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്നു സച്ചിന്‍.

സച്ചിന്‍ തെളിച്ചം മങ്ങാത്ത ഓര്‍മയായി അച്ഛനമ്മമാരുടെയും ജ്യേഷ്ഠന്‍ ശ്യാം കൃഷ്ണന്റെയും ബന്ധുക്കളുടെയും മനസ്സില്‍ ജീവിക്കുമ്പോള്‍, കാഴ്ചയായും കൈകളായും കരളായും വൃക്കകളായും അവന്‍ മറ്റു രോഗികളുടെ ശരീരത്തിന് പ്രകാശമാകുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 97461 14444
സച്ചിന്‍ കൃഷ്ണന്റെ വീടുമായി ബന്ധപ്പെടുന്നതിന്: 94474 58881

Subscribe