teami2i news
Teami2i News
HIGHLIGHTS

PRIME NEWS

ദിലീപിന്റെ ജാതകത്തില്‍ അവിടെക്കിട യോഗം

Posted on: 3rd August ,2017
ദിലീപിന്റെ ജാതകത്തില്‍ അവിടെക്കിട യോഗം

 

ഗ്രേഡ് കൂടിയ ബുദ്ധിശാലികള്‍ക്ക് പറ്റുന്ന ചെറിയ ചില അബദ്ധങ്ങളുണ്ടല്ലോ- അത്രയേ പറ്റിയുള്ളൂ ദിലീപിനും, പ്രണയനായികയായ ഭാര്യ കാവ്യാ മാധവനും!

ആലുവ പൊലീസ് ക്ലബിലേക്ക് ജൂലൈ പത്തിനു വെളുപ്പിന് ദിലീപിനെ വിളിച്ചുവരുത്തിയ അന്വേഷണസംഘം ആദ്യം ചോദിച്ച ചോദ്യം ഇതാണ്: ഒരു സുനില്‍കുമാറിനെ അറിയുമോ?

ഇല്ല സാര്‍, എനിക്ക് ലോകത്ത് ഒരു സുനില്‍കുമാറിനെയും അറിഞ്ഞുകൂടാ.
ഒന്നുകൂടി ശരിക്കും ആലോചിച്ചു നോക്ക്. കക്ഷിയെ പള്‍സര്‍ സുനി എന്നൊക്കെ വിളിക്കും.
ഇല്ല സാര്‍. പള്‍സറിനെയും അറിയില്ല, യമഹയേയും അറിയില്ല.

കുറേ ദിവസം കഴിഞ്ഞാണ് ഇതേ പോലീസ് സംഘം കാവ്യാ മാധവനെ ദിലീപിന്റെ തറവാട്ടുവീട്ടില്‍ വച്ച് ചോദ്യം ചെയ്തത്: ഒരു സുനില്‍കുമാറിനെ അറിയുമോ?

ഇല്ല സാര്‍.
ശരിക്കുമൊന്ന് ആലോചിച്ചു നോക്കിയേ...
ഏയ്, ഇല്ല സാര്‍.

ആ ഒരൊറ്റ കളവില്‍ നിന്നു തുടങ്ങി, രണ്ടു പേരുടെയും കഷ്ടകാലം. പള്‍സര്‍ സുനിയെ അറിയില്ലെന്ന് ദിലീപ് പറഞ്ഞതിനു പിന്നാലെ തെളിവുകള്‍ ഓരോന്നായി പുറത്തുവന്നു തുടങ്ങി. തൃശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍, ടെറസില്‍ നിന്നുകൊണ്ട് രണ്ടുപേരും കൊച്ചുവര്‍ത്തമാനം പറയുന്നു. കൊല്ലത്തെ ചിത്രത്തിന്റെ ലൊക്കേഷനിലും രണ്ടുപേരും സൗഹൃദം പങ്കിട്ടതിനു തെളിവുകള്‍ പിന്നാലെ വന്നു. ദിലീപും പള്‍സറും ഒരുമിച്ചുണ്ടായിരുന്ന ചിലയിടങ്ങളില്‍ കാവ്യാ മാധവന്‍ കൂടി ഉണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ പിന്നെ വന്നു! പള്‍സര്‍ സുനിയെ അറിയില്ലെന്ന് ആദ്യമേ പറഞ്ഞുപോയതുകൊണ്ട്, പിന്നീടുള്ള ചോദ്യങ്ങള്‍ക്ക് ബബ്ബബ്ബാ പറയാനല്ലേ പറ്റൂ.

പോരെങ്കില്‍, മാനേജറും ഡ്രൈവറുമായി കൂടെ കൊണ്ടുനടന്ന അപ്പുണ്ണി തന്നെ ഒടുവില്‍ ദിലീപിനുള്ള കുരുക്ക് മുറുക്കുകയും ചെയ്തു. ഒളിവിലായിരുന്ന അപ്പുണ്ണി ഹൈക്കോടതി ഉത്തരവു കേട്ടു പേടിച്ച് അന്വേഷണസംഘത്തിനു മുന്നില്‍ സാഷ്ടാംഗം ഹാജരായി കിളി പറയുന്നതുപോലെ സകലതും വെളിപ്പെടുത്തിക്കളഞ്ഞു.

പള്‍സര്‍ സുനിയെ അറിയാമെന്നു മാത്രമല്ല, കാക്കനാട് ജയിലില്‍ക്കിടന്ന് സുനി വിളിക്കുമ്പോള്‍ ദിലീപ് തൊട്ടടുത്ത് നില്പുണ്ടായിരുന്നു! സുനി വിളിച്ചപ്പോള്‍ ആദ്യം പരിചയഭാവം കാണിക്കാതിരുന്നത് ദിലീപ് പറഞ്ഞിട്ട്. സുനി പറഞ്ഞതിനെല്ലാം മറുപടി നല്‍കിയത് ദിലീപ് പറഞ്ഞതു കേട്ടിട്ട്! എന്നിട്ട്, ഗൂഢാലോചനയില്‍ തനിക്ക് ഒരു പങ്കുമില്ലെന്നു പറഞ്ഞ് അപ്പുണ്ണി ക്ലീനായി കൈകഴുകുകയും ചെയ്തു. കണ്ടോ- മാനേജര്‍ ആയാല്‍ ഇങ്ങനെ തന്നെ വേണം.

അനധികൃതമായി ഭൂമി കയ്യേറിയതിന്റെ പേരില്‍ റവന്യൂ വകുപ്പും, അനധികൃത സ്വത്തു സമ്പാദനത്തിന്റെ പേരില്‍ എന്‍ഫോഴ്സ്മെന്റും ഇടംവലം നിന്ന് കുരുക്കു മുറുക്കുമ്പോഴാണ് അപ്പുണ്ണിയുടെ വക വെളിപ്പെടുത്തലിന്റെ അമിട്ട്! വല്ലാത്തൊരു യോഗം തന്നെ.

തൊടുന്നതെല്ലാം തിരിഞ്ഞുകൊത്തുന്ന അപൂര്‍വ ജാതകയോഗമാണിപ്പോള്‍ ദിലീപിന്. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചപ്പോള്‍ നേരെ ഹൈക്കോടതിക്കു വിട്ടു. എന്നിട്ട് സോഷ്യല്‍ മീഡിയ വഴി ഒരു പെരുക്കല്‍. നാട്ടിലുള്ള ഫാന്‍സ് അസോസിയേഷനുകളെക്കൊണ്ട് അങ്ങനെയെങ്കിലും ഒരു ഉപകാരം വേണ്ടേ. രണ്ടു ദിവസംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ആകെ ദിലീപ് അനകൂലതരംഗം. ജയിലില്‍ ഹാജരാക്കാന്‍ കൊണ്ടുചെല്ലുളോള്‍ നിറഞ്ഞ കയ്യടിയും ജയ്വിളിയും! ധീരാ വീരാ ദിലീപേ.... ധീരതയോടെ കിടന്നോളൂ (ആലുവ സബ് ജയിലില്‍!)

കാര്യങ്ങളുടെ കിടപ്പ് കുറേയൊക്കെ ഹൈക്കോടതിക്കും പിടികിട്ടി. ജയിലില്‍ക്കിടന്ന് ഇത്രയൊക്കെ പണി ഒപ്പിക്കുന്ന മിടുക്കന് ജാമ്യംകൊടുത്താല്‍ എന്താവും കഥ! അതുതന്നെ ആയിരുന്നു പ്രോസിക്യൂഷന്‍ വാദവും. ഉന്നതസ്വാധീനമുള്ള നടന്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കും. തെളിവുകള്‍ മൊത്തമായി തേച്ചുമായ്ച്ചു കളയും. എങ്കില്‍പ്പിന്നെ അവിടെക്കിട! അപ്പോഴാണ് ദിലീപിന്റെ വക്കീല്‍ ഒരു ഉപദേശം നല്‍കിയത്. തത്കാലം സുപ്രീംകോടതി വഴി പോകാതിരിക്കുന്നതാണ് തടിക്കു നല്ലത്. അവിടെ നിന്നുകൂടി തിരിച്ചടി കിട്ടിയാല്‍ തീര്‍ന്നു.

അപ്പോള്‍പ്പിന്നെ എന്തു ചെയ്യും?
എന്തു ചെയ്യാന്‍? തത്കാലം അവിടെക്കിട!

അന്വേഷണ സംഘമാണെങ്കില്‍ ഒന്നുമങ്ങോട്ട് വിട്ടുപറയുന്നില്ല. ഞെട്ടിക്കുന്ന ഒരു അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുദിവസമായി. അത് കാവ്യയുടെ കാര്യമാണോ, ദിലീപുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന സിനിമയിലെ വമ്പന്‍ സ്രാവാണോ എന്നൊന്നും പറയാന്‍ വയ്യ. എന്തായാലും ചോദ്യം ചെയ്യലില്‍ കാവ്യ നല്‍കിയ മറുപടികള്‍ പച്ചക്കള്ളമാണെന്ന് പൊലീസ് തന്നെ പറയുന്നുണ്ട്. വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നും പറയുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് ഇനിയിപ്പോള്‍ ചോദ്യംചെയ്യാല്‍ മലയാള സിനിമയില്‍ ആകെപ്പാടെ തീരെക്കുറച്ചു പേരെ ബാക്കിയൂള്ളൂ. അതുംകൂടി കഴിയട്ടെ... കാവ്യയാണോ കൊമ്പന്‍ സ്രാവാണോ വലയിലാവുകയെന്ന് അപ്പോള്‍ അറിയാമല്ലോ.

 

Subscribe