teami2i news
Teami2i News
HIGHLIGHTS

PRIME NEWS

കോവളം കൊട്ടാരം കൈവിട്ടു കൊടുത്തത് ആര്?

Posted on: 4th August ,2017
കോവളം കൊട്ടാരം കൈവിട്ടു കൊടുത്തത് ആര്?

അരമന രഹസ്യം അങ്ങാടിപ്പാട്ടെന്ന് പണ്ടേ കേട്ടിട്ടില്ലേ? ഇതിപ്പോള്‍ കൊട്ടാരവിശേഷം ആയതുകൊണ്ട് ആ ഓള്‍ഡ് പ്രോവെര്‍ബ് കറക്ടാണ്! കോവളത്തെ ഹാല്‍സിയന്‍ കൊട്ടാരത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് സംഭവിച്ചതെന്ന് അറിയണമെങ്കില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ സാക്ഷാല്‍ വി.എസ് അച്യുതാനന്ദനോടു തന്നെ ചോദിക്കണം. അദ്ദേഹം അതിന് മറുപടി പറയുകയും ചെയ്തു: നിര്‍ഭാഗ്യകരം!

കോവളം കൊട്ടാരത്തിന്റെയും അനുബന്ധമായുള്ള 4.13 ഹെക്ടര്‍ സ്ഥലത്തിന്റെയും കൈവശാവകാശം രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍.പി ഗ്രൂപ്പിന് കൈമാറാനുള്ള മന്ത്രിസഭാ തീരുമാനത്തെക്കുറിച്ചാണ് വി.എസിന്റെ ഈ ഒറ്റവാക്കിലുള്ള കമന്റ്. പക്ഷേ, യഥാര്‍ത്ഥത്തില്‍ ഈ തീരുമാനത്തെക്കുറിച്ച് നിര്‍ഭാഗ്യകരം എന്നല്ല, നിരുത്തരവാദിത്വം എന്നാണ് പറയേണ്ടത്. ആരുടെ? നമ്മുടെ ഉദ്യോഗസ്ഥപ്രമുഖരുടെ! അവരാണല്ലോ സര്‍ക്കാരിനു വേണ്ടി സംസ്ഥാനം ഭരിക്കുന്നത്. അഥവാ, അവര്‍ തന്നെയാകുന്നു, സര്‍ക്കാര്‍!

സിവില്‍ കേസിന്റെ ബുദ്ധി
നേരത്തേ തോന്നാഞ്ഞതെന്ത്?

ഹൈക്കോടതി വിധിയുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ശതകോടികള്‍ വിലമതിക്കുന്ന ഹാല്‍സിയന്‍ കൊട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്തായാലും, വേണ്ടിവരികയാണെങ്കില്‍ പിന്നീട് സിവില്‍ കേസ് ഫയല്‍ ചെയ്യാനുള്ള അവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തിയാണ് കൈമാറ്റ തീരുമാനം. അത്രയും വകതിരിവെങ്കിലും നമ്മുടെ ശിരോമണിമാര്‍ കാണിച്ചല്ലോ; ഭാഗ്യം.

ഹാല്‍സിയന്‍ കൊട്ടാരവും സ്ഥലവും ഏറ്റെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി നേരത്തേ റദ്ദാക്കിയ ഹൈക്കോടതി അന്നേ ഒരു കാര്യം പറഞ്ഞിരുന്നു- ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ കോടതി ഇടപെടുന്നില്ല! കൈവശാവകാശം സംബന്ധിച്ച കേസില്‍ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ഒരിടത്തും സര്‍ക്കാരിനു വേണ്ടി ഉദ്യോഗസ്ഥര്‍ പറഞ്ഞില്ല, കൊട്ടാരത്തിന്റെയും ഭൂമിയുടെയും വിലയാധാരം സര്‍ക്കാരിന്റെ പേരിലാണെന്ന്! കോടതിക്കാകട്ടെ, സമര്‍പ്പിക്കപ്പെട്ട രേഖകളുടെ ആധികാരികതയും സാധുതയും പരിശോധിച്ച് വിധി പ്രസ്താവിക്കണമെന്നല്ലാതെ, കിട്ടാത്ത ആധാരത്തിനായി കടുംപിടിത്തം പിടിക്കേണ്ട വല്ല കാര്യവുമുണ്ടോ?

ആര്‍ക്കായിരുന്നു
അത്രയ്ക്ക് നിര്‍ബന്ധം?

അതാണ് നമ്മുടെ ഉദ്യോഗസ്ഥ മിടുക്ക്! ഇനിയിപ്പോള്‍ വേണ്ടിവന്നാല്‍ സിവില്‍ കേസ് ഫയല്‍ ചെയ്യാം പോലും. തര്‍ക്കവിഷയത്തിലെ ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയ ശേഷം സിവില്‍ വ്യവഹാരത്തിനു പോകണമെന്ന് വി.എസ് പറഞ്ഞത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. ഉടമസ്ഥാവകാശം തെളിയിക്കാന്‍ അന്ന് ചെറുവിരല്‍പോലും അനക്കാതിരുന്ന സര്‍ക്കാരാണ്, ഇപ്പോള്‍ കൊട്ടാരവും ഭൂമിയും കൈമാറി കൈകഴുകിയിട്ട്, സിവില്‍ കേസിന് ഇനിയും സ്‌കോപ്പുണ്ട് എന്നു പറയുന്നത്. വിലമതിക്കാനാകാത്തത്ര മൂല്യമുള്ള കൊട്ടാരവും സ്ഥലവും സ്വകാര്യ ഗ്രൂപ്പിനു തന്നെ ചെന്നുചേരണമെന്ന് നിര്‍ബന്ധമുള്ള ചിലരൊക്കെ മന്ത്രിക്കൂട്ടത്തിലും ഉദ്യോഗസ്ഥത്തലപ്പത്തുമുണ്ട് എന്നല്ലേ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കരുതാനാവൂ?

ഇനി, കൊട്ടാരത്തിന്റെയും കേസിന്റെയും ഒരു ഷോര്‍ട്ട് ഹിസ്റ്ററി നോക്കുക. 1932-ല്‍ ശ്രീ രാമവര്‍മ്മ വലിയകോയിത്തമ്പുരാനാണ് രാജകുടുംബത്തിന്റെ വിശ്രമകേന്ദ്രമായി കോവളം ഹാല്‍സിയന്‍ കൊട്ടാരം പണികഴിപ്പിച്ചത്. 1964-ല്‍ തമ്പുരാന്‍ ഈ കൊട്ടാരവും സ്ഥലവും സര്‍ക്കാരിന് വിറ്റു. 1970-ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊട്ടാരവും ഭൂമിയും കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കൈമാറിയ ശേഷമാണ് ഐ.ടി.ഡി.സി അവിടെ കോവളം അശോക് ബീച്ച് റിസോര്‍ട്ട് പണിത് പ്രവര്‍ത്തനമാരംഭിച്ചത്.

സര്‍ക്കാരില്‍ നിന്ന്
സ്വകാര്യനിലേക്ക്

2002-ല്‍, അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ലേലത്തിനു വച്ച ഐ.ടി.ഡി.സി ഹോട്ടല്‍ ചുളുവിലയ്ക്കു പിടിച്ചത് എം ഫാര്‍ ഹോട്ടല്‍സ് ഗ്രൂപ്പായിരുന്നു. ഹോട്ടല്‍ വാങ്ങിയ എം ഫാര്‍ മുതലാളിമാര്‍ തൊട്ടടുത്തുള്ള ഹാല്‍സിയന്‍ കൊട്ടാരവും ഭൂമിയും കൂടി കൈവശമാക്കി. ഇതൊക്കെ കഴിഞ്ഞ് 2004-ല്‍ ആണ് കൊട്ടാരവും അനുബന്ധ ഭൂമിയും സര്‍ക്കാരിനു വേണ്ടി ഏറ്റെടുത്തുകൊണ്ട് അന്നത്തെ ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. സ്വാഭാവികമായും കൈവശക്കാര്‍ സര്‍ക്കാര്‍ ഉത്തരവിന് എതിരെ ഹൈക്കോടതിയെ സമീപിച്ചു. അതിനിടെ, എംഫാര്‍ ഗ്രൂപ്പില്‍ നിന്ന് കൊട്ടാരം ക്യാപ്റ്റന്‍ കൃഷ്ണന്‍നായരുടെ ലീല ഗ്രൂപ്പിന്റെ കൈയിലെത്തിയിരുന്നു. 2005-ല്‍ കൊട്ടാരം ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിയമനിര്‍മ്മാണവും നടത്തി, ഈ നടപടികളാണ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയത്. നഷ്ടപരിഹാരം നല്‍കാതെ കൊട്ടാരം ഏറ്റെടുത്ത നടപടി ശരിയല്ലെന്നു കണ്ടായിരുന്നു ഈ റദ്ദാക്കല്‍!

അപ്പോഴേക്കും കൊട്ടാരത്തിന്റെ കൈവശാവകാശം ആര്‍.പി ഗ്രൂപ്പിനായിക്കഴിഞ്ഞിരുന്നു. കോടതി ഉത്തരവനുസരിച്ച് കൊട്ടാരം കൈമാറുന്നത് വൈകുന്നതിനെതിരെ ആര്‍.പി ഗ്രൂപ്പ് കോടതിയലക്ഷ്യ ഹര്‍ജിയും നല്‍കി. സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ തള്ളിപ്പോയ സാഹചര്യത്തില്‍ വീണ്ടും അപ്പീലിനു സാധ്യതയില്ലെന്നായിരുന്നു നിയമവകുപ്പിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും ഉപദേശം. പിന്നെ എന്തു ചെയ്യാന്‍? കൊട്ടാരമങ്ങു കൊടുത്തേക്കുക!
ഹാല്‍സിയന്‍ കൊട്ടാരം ആര്‍.പി ഗ്രൂപ്പിന് വിട്ടുനല്‍കാന്‍ തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തില്‍, റവന്യൂ- ടൂറിസം വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയമായിരുന്നിട്ടും രണ്ടു മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. അതിനു മുമ്പത്തെ മന്ത്രിസഭാ യോഗത്തിലും ഈ വിഷയം ചര്‍ച്ചയ്ക്കു വന്നെങ്കിലും സി.പി.ഐയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനമെടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു.

തിലോത്തമനെ വിരട്ടി
മുഖ്യന്‍ കാര്യം കണ്ടു

പിന്നീടാണ്, സി.പി.ഐ മന്ത്രിമാരായ ഇ.ചന്ദ്രശേഖരനോ കെ.രാജുവോ പങ്കെടുക്കാതിരുന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഈ വിഷയം ചര്‍ച്ചയ്ക്കെടുത്തത്. സുപ്രീം കോടതി ഇടപെട്ട കേസായതിനാല്‍ എത്രയും വേഗം തീരുമാനമെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന് നിയമമന്ത്രി എ.കെ. ബാലന്‍ കൂടി കണ്ണുരുട്ടിയതോടെ സംഗതികള്‍ എളുപ്പത്തിലായി. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത ഒരേയൊരു സി.പി.ഐ മന്ത്രിയായ തിലോത്തമന്‍ സന്തം പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയെങ്കിലും, തത്കാലം വേറെ വഴിയൊന്നുമില്ലെന്ന് ഏകപക്ഷീയമായ തീര്‍പ്പു കല്പിക്കുകയായിരുന്നു മുഖ്യമന്ത്രിയും സംഘവും.

കൊട്ടാരം കൈവിടാനുള്ള കുടിലബുദ്ധിക്ക് മറ്റൊരു ഉദാഹരണമാണ്, ഒരു നഷ്ടപരിഹാരവും നല്‍കാതെ നേരത്തേ കൊട്ടാരം ഏറ്റെടുക്കാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥ നടപടി. അന്ന് ന്യായമായൊരു നഷ്ടപരിഹാരം തീരുമാനിച്ചിരുന്നെങ്കില്‍ കോടതിയില്‍ നിന്ന് പ്രതികൂല വിധി ഉണ്ടാകുമായിരുന്നില്ലെന്നു തീര്‍ച്ച. നഷ്ടപരിഹാരം നല്‍കി കൊട്ടാരവും സ്ഥലവും വീണ്ടെടുക്കുന്ന കാര്യം ഇനി വേണമെങ്കിലും ആകാം. പുതിയൊരു നിയമനിര്‍മ്മാണം വേണമെന്നേയുള്ളൂ. സിവില്‍ കേസിനുള്ള അധികാരം സര്‍ക്കാരില്‍ നിലനിര്‍ത്തിയിട്ടുമുണ്ട്. പിന്നെന്താ? ഒന്നുമില്ല; ആദ്യം സര്‍ക്കാരിനു തോന്നണം, പിന്നെ ഉദ്യോഗസ്ഥര്‍ക്കു തോന്നണം.

Subscribe