teami2i news
Teami2i News
HIGHLIGHTS

PRIME NEWS

ദിലീപിന്റെ കുരുക്കഴിക്കാന്‍ രാഷ്ട്രീയ ചരടുവലി

Posted on: 4th August ,2017
ദിലീപിന്റെ കുരുക്കഴിക്കാന്‍ രാഷ്ട്രീയ ചരടുവലി

നടി ആക്രമിക്കപ്പെട്ട കേസില്‍ അണിയറയിലെ ചരടുവലികള്‍ മറനീക്കി പുറത്തുവരാന്‍ തുടങ്ങിയതോടെ ഒരു കാര്യം ഉറപ്പായി- ഒരു ചുക്കും സംഭവിക്കില്ല! \'തൊട്ടു... തൊട്ടില്ല\' എന്ന മട്ടില്‍, ദിലീപിനു മേലുള്ള ഗൂഢാലോചനക്കുറ്റം ഇപ്പോള്‍ തെളിയും, വമ്പന്‍സ്രാവിനെ ഉടന്‍ വലയിലാക്കും എന്നൊക്കെയുള്ള പ്രതീതി മാത്രം ബാക്കി. കേസ് ഉടുവില്‍ പള്‍സറിലും അപ്പുണ്ണിയിലും തീരുന്ന മട്ട്.

കേസില്‍ ദിലീപിന്റെ അറസ്റ്റും ഗൂഢാലോചന സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞതും വരെ കാര്യങ്ങള്‍ എത്തിച്ചു കഴിഞ്ഞപ്പോഴാണ് അന്വേഷണ മേല്‍നോട്ടം വഹിച്ചിരുന്ന ക്രൈബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപിനെ കയ്യോടെയെടുത്ത് പൊലീസ് ആസ്ഥാനത്ത് പ്രതിഷ്ഠിച്ചത്. മേല്‍നോട്ടച്ചുമതല പകരം ആര്‍ക്കും നല്‍കിയിട്ടുമില്ല. ദിലീപ് നടത്തിയ അനധികൃത ഭൂമി കയ്യേറ്റങ്ങളില്‍ ചില രാഷ്ട്രീയ വമ്പന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴേ ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നതാണ്. ഒടുവില്‍ അതുതന്നെ സംഭവിക്കുകയും ചെയ്തു.

റിമാന്‍ഡിലുള്ള മുഖ്യപ്രതി പള്‍സര്‍ സുനിയും, കഴിഞ്ഞ ദിവസം ചോദ്യംചെയ്യലിനു ഹാജരായ അപ്പുണ്ണിയും നല്‍കിയ മൊഴികള്‍ കേസില്‍ ദിലീപിന്റെ പങ്കാളിത്തം സ്ഥിരീകരിക്കുന്നതാണ്. ചോദ്യം ചെയ്യലിനിടെ രണ്ടുപേരും വെളിപ്പെടുത്തിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ കാര്യങ്ങള്‍ വെളിപ്പെടുകയും ചെയ്തു.

മൊഴികള്‍, അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍, സാഹചര്യത്തെളിവുകള്‍, പൊതുസമൂഹത്തിന് അറിയാവുന്ന വസ്തുതകള്‍... ഇതെല്ലാം ദിലീപിന് നൂറുശതമാനവും എതിരാണ്. ജൂലായ് പത്തിന് അറസ്റ്റിലായപ്പോള്‍ മുതല്‍ പുറത്തുവന്ന വസ്തുതകള്‍ ചേര്‍ത്തുവച്ചു വായിക്കുമ്പോള്‍ ജനത്തിനും കാര്യം പിടികിട്ടി. എന്നിട്ടും, കിട്ടാത്ത തുമ്പുകള്‍ തേടി സിനിമാ മേഖലയിലെ കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുപ്പ് തുടരുന്നതല്ലാതെ കേസ് ഒരിഞ്ചു പോലും മുന്നോട്ടു നീങ്ങുന്നില്ല. ഒടുവില്‍, മേല്‍നോട്ടച്ചുമതല ഉണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോസ്ഥനെ മാറ്റുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ എളുപ്പമായി.

പള്‍സര്‍ സുനിയെപ്പോലുള്ള ഒരു ക്രിമിനല്‍ നല്‍കിയ മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ ദിലീപിനു മേല്‍ കുറ്റം ആരോപിക്കുന്നത് ശരിയല്ലെന്നായിരുന്നു ആദ്യമൊക്കെ പ്രതിഭാഗ വാദം. ഇരുവരും പല ലൊക്കേഷനുകളില്‍ ഒരുമിച്ചുണ്ടായിരുന്ന ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍, രണ്ടു പേര്‍ ഒരുമിച്ചു നില്‍ക്കുന്നത് എങ്ങനെ ഗൂഢാലോചനയ്ക്കു തെളിവാകും എന്നായിരുന്നു ചോദ്യം. ഒടുവില്‍, ദിലീപിന്റെ വിശ്വസ്തനായ മാനേജറും ഡ്രൈവറുമായ അപ്പുണ്ണി തന്നെ ഒളിവില്‍ നിന്ന് പുറത്തുവന്ന് കാര്യം പറഞ്ഞപ്പോള്‍ ആര്‍ക്കും ഒരു മറുപടിയുമില്ല.

സ്വാധീനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാത്ത ഉദ്യോഗസ്ഥനെന്ന നിലയില്‍ പൊലീസില്‍ \'സേതുരാമയ്യരുടെ\' ഇമേജ് ഉള്ളയാളാണ് ഐ.ജി ദിനേന്ദ്ര കശ്യപ്. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നിര്‍ണായകഘട്ടം വരെ എത്തിയതും അതുകൊണ്ടു തന്നെ. കശ്യപിനെ മാറ്റിയതിലൂടെ, കേസിന്റെ പുരോഗതി (അതോ, അധോഗതിയോ) ഏതു വഴിക്കാകണം എന്നതു സംബന്ധിച്ച തിരക്കഥ ആരോ തയ്യാറാക്കിയിട്ടുണ്ടെന്ന് മനസ്സിലാക്കണം.
ഗൂഢാലോചന കേസ് കൂടി ഉള്‍പ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങളില്‍ സാക്ഷികള്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധം പിടിക്കാനാകില്ല. അത്തരം കേസുകളില്‍ സാഹചര്യത്തെളിവുകളും അതിനെ സാധൂകരിക്കുന്ന വസ്തുതകളും ആധാരമാക്കുകയാണ് പതിവ്. അത് ഹൈക്കോടതി നേരത്തേ തന്നെ വ്യക്തമാക്കുകയും ചെയ്തതാണ്. ഇനി, പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിന്റെ കാര്യമാണെങ്കില്‍ അതു കണ്ടെടുത്തെങ്കിലേ കാര്യങ്ങള്‍ നടക്കൂ എന്ന് നിര്‍ബന്ധം പിടിച്ചാല്‍ കുഴങ്ങിയതു തന്നെ.

കാറില്‍ വച്ച് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിന്റെ മെമ്മറി കാര്‍ഡ് ഓടയില്‍ എറിഞ്ഞെന്നാണ് പള്‍സര്‍ സുനി ആദ്യം പറഞ്ഞത്. സുനിയേയുംകൊണ്ട് ആ വഴിക്ക് കുറേ ഓടകള്‍ പോലീസ് അരിച്ചുപെറുക്കുകയും ചെയ്തു. ഗോശ്രീ പാലത്തില്‍ നിന്ന് കായലിലേക്കു വലിച്ചെറിഞ്ഞെന്നായിരുന്നു, അടുത്ത മൊഴി. മുങ്ങല്‍ വിഗദ്ദ്ധരുടെ സഹായത്തോടെ പൊലീസ് ആ വഴിക്കും നോക്കി (ഒരു മെമ്മറി കാര്‍ഡ് തപ്പി കായലില്‍ മുങ്ങിത്തപ്പുന്നതിന്റെ കോമാളിത്തം വേറെ). ആ ഫോണ്‍ തന്നെ കത്തിച്ചുകളഞ്ഞെന്നാണ് ഏറ്റവും ഒടുവിലത്തെ മൊഴി. ദിലീപിനെ ഏല്പിക്കാന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്പിച്ച മൊബൈല്‍ ഫോണ്‍, അദ്ദേഹം ഏല്പിച്ചത് ജൂനിയര്‍ ആയ രാജു ജോസഫിനെ. തെളിവു നശിപ്പിച്ച കുറ്റത്തിനാണ് കഴിഞ്ഞ ദിവസം രാജു ജോസഫിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

നടിയെ ആക്രമിച്ച കേസില്‍ നിന്ന് ഊരിപ്പോരാന്‍ ശ്രമിച്ചാലും സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ദിലീപ് നടത്തിയ അനധികൃത ഭൂമി കയ്യേറ്റം സംബന്ധിച്ച കുരുക്കുകള്‍ അത്ര ചെറുതല്ല. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ദിലീപിന്റെ നിക്ഷേപം 650 കോടി കടക്കുമെന്നാണ് പ്രാഥമിക കണക്കുകള്‍. ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് എന്ന ആഡംബര തിയേറ്റര്‍ സമുച്ചയം പണിതിരിക്കുന്നത് കയ്യേറ്റ ഭൂമിയിലാണെന്ന ആരോപണം ഇപ്പോള്‍ പുറത്തുവന്നതല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് അത്തരമൊരു ആക്ഷേപം ഉണ്ടായപ്പോള്‍ത്തന്നെ വിജിലന്‍സ് അന്വേഷണത്തിന് നീക്കം നടന്നതാണ്. നടന്റെ രാഷ്ട്രീയ സ്വാധീനം കാരണം ഫയല്‍ മുങ്ങിപ്പോയി. കഷ്ടകാലം വരുമ്പോള്‍ കൂട്ടത്തോടെ എന്ന മട്ടില്‍, നടിയെ ആക്രമിച്ച കേസിനൊപ്പം ദിലീപിന്റെ കയ്യേറ്റ വിരുതുകളും വീണ്ടും പൊങ്ങുകയായിരുന്നു.

ഡി സിനിമാസിന്റെ ഭൂമി അളന്നു തിരിക്കലും, ഉടമസ്ഥാവകാശ രേഖകളുടെ പരിശോധനയും കഴിഞ്ഞപ്പോള്‍ റവന്യൂ വകുപ്പിന് ഒരു കാര്യം മനസ്സിലായി. സംഭവം സംശയമില്ലാത്ത ഭൂമി കയ്യേറ്റം തന്നെ. അതിനു പിന്നാലെയാണ്, വിജിലന്‍സ് അന്വേഷണം തീരുന്നതുവരെ ഡി സിനിമാസ് അടച്ചുപൂട്ടാന്‍ ഇന്നലെ ചേര്‍ന്ന ചാലക്കുടി നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ ഏകകണ്ഠമായായിരുന്നു തീരുമാനം. കൈവശാവകാശവും തിയറ്റര്‍ ലൈസന്‍സും നിയമവിരുദ്ധമായി നേടിയതാണെന്ന് കണ്ടെത്തിയ കൗണ്‍സില്‍ അവ രണ്ടും റദ്ദാക്കാനും തീരുമാനിച്ചു.

കൊച്ചിയില്‍ ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ ബിനാമി പേരുകളിലാണെന്നാണ് കരുതപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ അടുത്ത സുഹൃത്തും ഗായികയും ടിവി അവതാരകയുമായ റിമി ടോമിയില്‍ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് മൊഴിയെടുത്തിരുന്നു. എന്നാല്‍, ദിലീപുമായി തനിക്ക് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളൊന്നും ഇല്ലെന്നായിരുന്നു റിമിയുടെ വാദം. ആ വഴിക്കുള്ള അന്വേഷണങ്ങള്‍ തുടരുന്നതേയുള്ളൂ.

ഇത്രയൊക്കെയായിട്ടും വിജിലന്‍സ് അന്വേഷണം ഒഴിച്ചാല്‍, ഭൂമി കയ്യേറ്റം സംബന്ധിച്ച ഒരു കേസും ഇന്നോളം രജിസ്റ്റര്‍ ചെയ്തിട്ടില്ല! അതിനിടയ്ക്ക് മറ്റൊരു വാര്‍ത്ത കൂടി ഇന്നലെ പുറത്തുവന്നു. നമുക്കറിയാവുന്ന രണ്ടു കല്യാണങ്ങള്‍ക്കു പുറമേ, മുമ്പ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നത്രേ! സിനിമയില്‍ വരുന്നതിനു മുമ്പുള്ള കഥയാണ്. കഥാനായിക നടന്റെ ബന്ധു തന്നെ. പിന്നെ, പൊല്ലാപ്പാകുമെന്ന് മനസ്സിലായപ്പോള്‍ ബന്ധുക്കള്‍ കൂടി ഇടപെട്ട് രണ്ടിനെയും രണ്ടു വഴിക്കാക്കി. വിദേശത്തുള്ള അവരെ വരുത്തി മൊഴിയെടുക്കാനുള്ള ശ്രമവും ഇതിനെല്ലാമൊപ്പം നടക്കുന്നു.

ഇനിയിപ്പോള്‍ ദിലീപിനെ എന്തു വിളിക്കണം?
കല്യാണ രാമനെന്നോ?
കൊച്ചിരാജാവെന്നോ?
കഥാവശേഷന്‍ എന്നോ?

Subscribe