teami2i news
Teami2i News
HIGHLIGHTS

PRIME NEWS

ആ രണ്ടു സ്രാവുകള്‍ ആരായിരിക്കും?

Posted on: 9th August ,2017
ആ രണ്ടു സ്രാവുകള്‍ ആരായിരിക്കും?

ആ രണ്ടു സ്രാവുകള്‍ ആരായിരിക്കും?

നടിയെ ആക്രമിച്ച് പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപ് അറസ്റ്റിലായ അന്നു കേള്‍ക്കാന്‍ തുടങ്ങിയതാണ് വേറെ ചില വമ്പന്‍ സ്രാവുകള്‍ കഥയ്ക്കു പിന്നിലുണ്ടെന്ന്. ആദ്യം കേട്ടത് ഒരു മാഡം തിരശ്ശീലയ്ക്കു പിന്നിലുണ്ടെന്നാണ്. അത് കാവ്യയാണോ, അമ്മ ശ്യാമളയാണോ എന്നതായി പിന്നത്തെ തര്‍ക്കം. ദിലീപിന്റെ തറവാട്ടുവീട്ടില്‍ വച്ച് അന്വേഷണസംഘം കാവ്യാ മാധവനെ ചോദ്യം ചെയ്തു കഴിഞ്ഞപ്പോള്‍ നമ്മള്‍ കരുതി, ഇപ്പൊക്കാണും അറസ്റ്റ്!

ഒന്നും സംഭവിച്ചില്ല.
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണുമായി പള്‍സര്‍ സുനി നേരെ ചെന്നത് കാവ്യാ മാധവന്റെ കാക്കനാട്ടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര ശാലയായ ലക്ഷ്യയിലേക്കായിരുന്നു. അക്കാര്യം ഏറക്കുറെ സ്ഥിരീകരിക്കാമെങ്കിലും അവിടെവച്ച് സുനി കാവ്യയെ കണ്ടതിന് തെളിവൊന്നുമില്ല. കാവ്യയുടെ അമ്മ ശ്യാമളയെ കണ്ടതിനും തെളിവില്ല. കൃത്യം നടക്കാന്‍ പോകുന്നു എന്ന വിവരം ഒരുപക്ഷേ കാവ്യയ്ക്ക് മുന്‍കൂട്ടി അറിയാമായിരുന്നിരിക്കാമെങ്കിലും ഗൂഢാലോചനയില്‍ കാര്യമായ റോളൊന്നുമില്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം.

ഒടുവില്‍ ആ കണ്‍ഫ്യൂഷന്റെ ഫ്യൂസ് ഊരി, പള്‍സര്‍ സുനി പറഞ്ഞു: ക്വട്ടേഷന്‍ നല്‍കിയത് ഒരു മാഡം ആണെന്നു താന്‍ നേരത്തേ പറഞ്ഞത് ചുമ്മാ പുളു! അന്വേഷണം ദിലീപിലേക്ക് എത്താതിരിക്കാനും, പൊലീസിനെ വഴി തെറ്റിക്കാനുമായിരുന്നു അത്തരമൊരു ട്വിസ്റ്റ്! അതോടെ, കഥയില്‍ കാണാമറയത്ത് നീന്തിനടക്കുന്ന സ്രാവുകള്‍ ആണ്‍വര്‍ഗത്തില്‍പ്പെട്ടവര്‍ തന്നെയെന്ന് തീര്‍ച്ചയായി. ഓരോ ദിവസവും ആകാംക്ഷയുടെ എരിതീയില്‍ എണ്ണയൊഴിച്ച് അന്വേഷണസംഘം പറയുകയും ചെയ്യുന്നുണ്ട്:

രണ്ട് അറസ്റ്റ് ഉടനേ കാണും!
ദിലീപുമായി ഏറ്റവും അടുത്ത സൗഹൃദം പുലര്‍ത്തുന്നവരായിരിക്കണമല്ലോ ആ സ്രാവുകള്‍! കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ ചോദ്യം ചെയ്തവരില്‍ ആര്‍ക്കെങ്കിലും ആ വേഷം ചേരുമോ? മൊഴിയെടുത്തവരുടെ ലിസ്റ്റ് നോക്കിയാല്‍ കെ.എസ്. പ്രസാദ് മുതല്‍ നടന്‍ സിദ്ദിഖ് വരെയുണ്ട്. മുകേഷുണ്ട്, നാദിര്‍ഷയുണ്ട്, നാദിര്‍ഷയുടെ സഹോദരന്‍ സമദുണ്ട്... പക്ഷേ, ഇവരെയൊന്നും വമ്പന്‍ സ്രാവിന്റെ ഗണത്തില്‍ പെടുത്താന്‍ കഴിയില്ലല്ലോ.

ദിലീപിനോട് സഹോദരതുല്യമോ പുത്രതുല്യമോ ആയ സ്നേഹവാത്സല്യങ്ങള്‍ പുലര്‍ത്തുന്ന സീനിയര്‍ നടന്മാര്‍ വേറെയാരുണ്ട്? മലയാള സിനിമയിലെ മഹാരഥന്മാരില്‍ ഒരാളുടെ പേര് രഹസ്യമായി കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്തായാലും, ദിലീപിന്റെ കേസ് ചര്‍ച്ച ചെയ്ത താരസംഘടനയുടെ യോഗത്തില്‍ ഒരു മഹാരഥനും ഒരക്ഷരം മിണ്ടിയിട്ടില്ല. പിന്നെ എങ്ങനെ ഊഹിക്കും, ആ മഹാസ്രാവ് ആരെന്ന്?

കേസ്, കൈവിട്ടുപോയെന്ന് ദിലീപിന്റെ അറസ്റ്റോടെ തന്നെ ആഭ്യന്തര വകുപ്പിന് പിടികിട്ടിയതാണ്. ഇത്തരമൊരു ക്വട്ടേഷന്‍ പണി ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ത്തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് സിനിമാ ചരിത്രകാരന്മാരും, കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ അപൂര്‍വമെന്ന് നിയമവിദഗ്ദ്ധരും പറയുമ്പോള്‍ത്തന്നെ, കേസ് അതിന്റെ പീഡനപരിധി വിട്ട്, അതുക്കും മേലെ എന്ന ലെവലില്‍ ആയിപ്പോയി. ദിലീപിന്റെ അനധികൃത ഭൂമി കയ്യേറ്റത്തിലേക്കും, അവിഹിത സ്വത്തു സമ്പാദ്യങ്ങളിലേക്കും, റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലേക്കും, ഗുണ്ടാ ബന്ധങ്ങളിലേക്കുമൊക്കെ വികസിച്ച കഥാഗതിക്ക് ഈ രംഗത്തിലെങ്കിലും ഫുള്‍സ്റ്റോപ്പിടണമെന്ന് ആഭ്യന്തരവകുപ്പിനു തോന്നുന്നത്, തികച്ചും സ്വാഭാവികം.

വിഷയം ഭൂമി കയ്യേറ്റവും റിയല്‍ എസ്റ്റേറ്റും കള്ളപ്പണവും ഒക്കെയാകുമ്പോള്‍ വമ്പന്‍ സ്രാവുകള്‍ വെള്ളിത്തിരയില്‍ നിന്നുള്ളവര്‍ തന്നെ ആകണമെന്നില്ല, ജനാധിപത്യത്തില്‍ നിന്നും ആകാം!

അങ്ങനെ ചിലരുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്താകുമെന്ന ഘട്ടത്തിലാണ് കേസിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപിനെ പൊലീസ് ആസ്ഥാനത്തെ ഐ.ജിയുടെ ഗുമസ്തപ്പണിയിലേക്കു മാറ്റിയതെന്ന് ശ്രുതിയുണ്ട്. പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടുമില്ല. അപ്പോള്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും തോന്നുന്ന ആ സംശയം തികച്ചും സ്വാഭാവികം.

കേസുമായി ബന്ധപ്പെട്ട് പൊലീസ് ഏറ്റവും ഒടുവില്‍ ചോദ്യം ചെയ്തത് നാദിര്‍ഷയുടെ സഹോദരന്‍ സമദിനെയാണ്. നടിയെ ആക്രമിക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ ദിലീപിന് ഒപ്പം സന്തതസഹചാരിയായ നാദിര്‍ഷയും ഉണ്ടായിരുന്നെന്നാണ് അന്വേഷണസംഘം കരുതുന്നത്. അതിന്റെ വിശദാംശങ്ങള്‍ തേടിയായിരുന്നു സമദിന്റെയും മൊഴിയെടുപ്പ്. കാവ്യാ മാധവനെയും, അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായ മാനേജര്‍ അപ്പുണ്ണിയേയുമൊക്കെ വീണ്ടും ചോദ്യം ചെയ്യുമെന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.

അതിനിടയിലാണ് ദിലീപിന് എതിരെ കുറ്റപത്രം ചമയ്ക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായുള്ള വാര്‍ത്ത. ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് എത്രയും വേഗം കുറ്റപത്രം നല്‍കി അതിനു തടയിടാനുള്ള നീക്കം.

അന്വേഷണം ദിലീപിലേക്ക് എത്താതിരിക്കാനായിരുന്നു, ആദ്യഘട്ടത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ശ്രമങ്ങളെങ്കില്‍ അത് ദിലീപിലെങ്കിലും അവസാനിപ്പിക്കാനാണ് ഇപ്പോള്‍ സര്‍ക്കാരും ആഭ്യന്തര വകുപ്പും ചേര്‍ന്ന് കൊണ്ടുപിടിച്ച് ശ്രമിക്കുന്നത് എന്നുവേണം കരുതാന്‍. ദിലീപും കടന്ന് കേസ് മുന്നോട്ടു നീങ്ങിയാല്‍ വെള്ളിത്തിരയിലെ മാത്രമല്ല, രാഷ്ട്രീയരംഗത്തെയും പല വമ്പന്‍സ്രാവുകളുടെയും തനിനിറം കണ്ട് കേരളം ഞെട്ടും!

 

Subscribe