teami2i news
Teami2i News
HIGHLIGHTS

WOMEN

നാക്കിനു വേണം, നല്ല കവറും കവറേജും!

നാക്കിനു വേണം, നല്ല കവറും കവറേജും!

സിനിമയില്‍ മാത്രമല്ല, സാധാരണ ജീവിതത്തിലും പെണ്‍വര്‍ഗത്തിന് ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ചരിത്രപരമായ പ്രതിരോധശക്തി കൈവന്ന കാലമാണ്. പണ്ടത്തെപ്പോലെ കമന്റടിക്കുന്നതും കൈയ്ക്കു പിടിക്കുന്നതുമൊക്കെ സൂക്ഷിച്ചുവേണം. അല്ലെങ്കില്‍ കിടുങ്ങാമണി കാണില്ല ബ്രോ!

തിരുവനന്തപുരത്ത് ഒരു സ്വാമിജിക്ക് അദ്ദേഹത്തിന്റെ പുരുഷത്വസൂചകമായ കമണ്ഡലു മൊത്തത്തില്‍ കറിക്കത്തിക്ക് ഇരയായതിന്റെ കേസ് കോടതിയില്‍ നടക്കുന്നതേയുള്ളൂ. ഇഹലോക സുഖങ്ങളെല്ലാം വെടിഞ്ഞ് കാഷായധാരിയായി പരിണമിച്ച അവധൂതവേഷത്തിന്റെ ആശ്രമജീവിതത്തില്‍ വികാരപരമായ ചില ഇടപെടലുകള്‍ വന്നുഭവിച്ചത് പൊടുന്നനെയല്ല, കഥാനായിക പ്രായപൂര്‍ത്തി അറിയിച്ച കാലത്തേ തുടങ്ങിയതായിരുന്നു പോലും സന്യാസിയുടെ ശിക്ഷണവിദ്യ! പക്ഷേ, സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? കഥാന്ത്യത്തില്‍ നമ്മള്‍ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരെ കണ്ടത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്- കമണ്ഡലു രഹിതനായി!

സ്വാമിക്കഥ മറന്നു തുടങ്ങുന്നിനു മുമ്പേ, അടുത്ത എപ്പിസോഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ ദിവസം കൊച്ചിയിലെ ഞാറയ്ക്കലില്‍ നിന്നാണ്. ഒളിച്ചിരുന്ന് ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാക്ക് വീട്ടമ്മ കടിച്ചെടുത്തു നിലത്തിട്ടു! ആഴ്ചയൊന്നു തികഞ്ഞില്ല സംഭവം നടന്നിട്ട്. പതിയെപ്പതിയെ വാര്‍ത്ത പുറംലോകം അറിഞ്ഞുവരുന്നതേയുള്ളൂ.

വീട്ടമ്മയാണ് കഥയിലെ വീരനായിക. ഹതഭാഗ്യനായ നായകന്‍ വീട്ടമ്മയുടെ നാട്ടുകാരന്‍ തന്നെ. കുറേ നാളായി ഈ നായകന്‍ വീട്ടമ്മയെ ഓര്‍ത്ത് ഉറക്കംവരാതെ കിടക്കുന്നു. ഒടുവില്‍, തീരെ ഉറക്കം കിട്ടാതായപ്പോള്‍ വീട്ടില്‍ നിന്ന് എഴുന്നേറ്റിങ്ങു പോന്നു. വീട്ടമ്മ അത്താഴവും പാത്രംകഴുകലുമൊക്കെ കഴിഞ്ഞ് കിടക്ക വിരിക്കുന്നതിനു മുന്നോടിയായി ചില ശങ്കകള്‍ തീര്‍ക്കാന്‍ പുറത്തെ കുളിമുറിയിലേക്കു പുറപ്പെടുന്ന നിര്‍ണായക മുഹൂര്‍ത്തം!

നായകന്‍ കുറേ നേരമായി വെയ്റ്റ് ചെയ്തു വിയര്‍ത്തു നില്‍ക്കുകയായിരുന്നു. വീട്ടമ്മ മുറ്റത്തേക്ക് ഇറങ്ങിയതും, നായകന്‍ വൈദ്യുതി ഫ്യൂസ് ഊരിയതും പാഞ്ഞുചെന്ന് കടന്നുപിടിച്ച് ചുംബനം പറ്റിക്കാന്‍ തല നീട്ടിയതും ഒരുമിച്ച്. പക്ഷേ, ഹാ കഷ്ടം! കാമവിവശനായ കഥാനായകന്റെ നാക്ക് എങ്ങനെയോ വീട്ടമ്മയുടെ വായ്ക്കുള്ളിലായിപ്പോയി. ചുംബിക്കാന്‍ ചെന്നത് നാക്കും നീട്ടിപ്പിടിച്ചാണോ തുടങ്ങിയ അപ്രസക്ത ചോദ്യങ്ങളൊന്നും ഇടയ്ക്കുകയറി ചോദിക്കല്ലേ- എങ്ങനെയായാലും ഇഷ്ടന്റെ നാക്ക് ക്ലിപ്പിട്ടതു പോലെ ചേട്ടത്തിയുടെ ദന്തനിരയ്ക്ക് ഇരയായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

അടുത്ത നിമിഷം പരാക്രമിയുടെ നാക്ക് ഉദ്ദേശം രണ്ടു സെന്റി മീറ്റര്‍ നീളത്തില്‍ മുറ്റത്തു കിടന്നു പിടഞ്ഞു. വീട്ടമ്മയാകട്ടെ, പ്രത്യേകിച്ചൊന്നും സംഭവിക്കാത്തതുപോലെ ബാത്ത്റൂമിലെത്തി ശങ്ക തീര്‍ത്ത് മടങ്ങിപ്പോയി സുഖമായി കിടന്നുറങ്ങി. പിറ്റേന്നു രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തിയ വീട്ടമ്മ, എഴുതി തയ്യാറാക്കിയ പരാതിക്കൊപ്പം ഈ തൊണ്ടിമുതലും പൊലീസിനു മുമ്പാകെ കാഴ്ചവച്ചു.

ഇതെന്താ സാധനം?
കണ്ടാല്‍ അറിഞ്ഞുകൂടേ? ഒരു നാക്കാണ്!
ഇതെവിടുന്നു കിട്ടി?
എന്റെ ചുണ്ടത്തുനിന്ന്!
ങ്ഹേ....

ചുംബനവീരനു സംഭവിച്ച നാക്കുഛേദം അറിഞ്ഞ പൊലീസ് പെട്ടെന്നു വലവിരിച്ചു. കൊച്ചി നഗരത്തിലെ ആശുപത്രികളില്‍ നടത്തിയ ആദ്യ തിരച്ചിലില്‍ത്തന്നെ നാക്കില്ലാക്കുന്നിലപ്പന്‍ കസ്റ്റഡിയില്‍. നാക്കു മുറിഞ്ഞതിന് ചികിത്സ തേടിയെത്തിയ കേസ് തിരഞ്ഞുവന്ന പൊലീസിനെ കണ്ടതും പ്രതി നാക്കില്ലാതെ കീഴടങ്ങി! ആ ഹതഭാഗ്യന്‍ ഞാനാണു സാര്‍.

ഒരു ഫുള്‍ഡേ വീട്ടമ്മയുടെ കസ്റ്റഡിയില്‍ ആയിരുന്ന നാക്ക് ഇനി തുന്നിച്ചേര്‍ക്കാനാവുന്ന കാര്യം ചിന്തിക്കുകയേ വേണ്ട. കേവലമൊരു ചുംബനത്തിന് സ്വന്തം നാക്ക് ബലി കൊടുക്കേണ്ടിവന്ന ലോകചരിത്രത്തിലെ തന്നെ ആദ്യ പൗരനായിരിക്കും മുരിങ്ങപ്പാടം എം.ജി. രാകേഷ്, ഞാറയ്ക്കല്‍ പി.ഒ.

സാരോപദേശം: വല്ലവരുടെയും ഭാര്യയ്ക്ക് ചുംബനം നല്‍കണമെന്ന പൂതി മുളയിലേ നുള്ളിക്കളയുക.

മുന്നറിയിപ്പ്: നുള്ളിയിട്ടും പൂതി മാറുന്നില്ലെങ്കില്‍ നാക്കിന് നല്ലൊരു കവറും, ഇന്‍ഷ്വറന്‍സ് കവറേജും നല്‍കുക.

Subscribe